Sunday, July 20, 2008

കര്‍മ്മത്തെക്കുറിച്ച്‌ പറഞ്ഞാല്‍ തീരുമോ?

ചില ജന്തുക്കള്‍ക്ക്‌ ഏതാനും അടി ദൂരത്തിനപ്പുറം കാഴ്ചയില്ലാത്തത്തുപോലെ നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കു കാഴ്ച്ചയെത്തുന്നില്ല. ഒരു ചെറിയ ഇടുങ്ങിയ വൃത്തം. അതാണു നമ്മുടെ ലോകം. അതിനപ്പുറത്തേക്കു നോക്കുവാനുള്ള ക്ഷമ നമ്മള്‍ക്കില്ല. അതിനാല്‍ നമ്മള്‍ അസന്‍മാര്‍ഗ്ഗചാരികളും ദുഷ്ടബുദ്ധികളുമായി തീരുന്നു. ഇതാണു നമ്മുടെ ദൌര്‍ബല്യം, നമ്മുടെ ശക്തിഹീനത.

ഏറ്റവും താണതരത്തിലുള്ള കര്‍മ്മം പോലും നിന്ദിക്കത്തക്കതല്ല. മുള്‍ക്കിരീടം പണിയുന്ന കൈകള്‍ പോലും അലസമായ കൈകളേക്കാള്‍ ശ്രേഷ്ഠമാണെന്നല്ലേ പറയാറുള്ളത്‌. കര്‍മ്മം ചെയ്യാന്‍ നമുക്ക്‌ അവകാശമുണ്ട്. എന്നാല്‍ കര്‍മ്മഫലത്തിനില്ല താനും. നിങ്ങള്‍ ഒരാളെ സഹായിക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അയാള്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്നുള്ളതിനെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കരുത്. അങ്ങനെയാകാന്‍ നമ്മളിലെത്രപേര്‍ക്കു കഴിയും?

സമുദ്രത്തിന്റെ അഗാധതലങ്ങളില്‍ ജീവിക്കുന്ന മത്സ്യത്തെ അവിടെനിന്നും ഉപരിതലത്തിലേക്കു കൊണ്ടുവരുമ്പോള്‍ അതിന്റെ ശരീരസന്ധാരകമായി വര്‍ത്തിച്ചിരുന്ന ജലസമ്മര്‍ദ്ദം ഇല്ലാതാകുന്നതുകൊണ്ട് അതിനു ശ്വാസം കഴിക്കാനാകാതെ ഹൃദയം തകര്‍ന്ന്‌ മരിക്കുന്നു. അതുപോലെ, ഏകാന്തതയില്‍ ജീവിച്ചു ശീലിച്ച ഒരു മനുഷ്യന്‍ പ്രക്ഷുബ്ധമായ പ്രപഞ്ചച്ചുഴിയില്‍ തകര്‍ന്നുപോകും. ജീവിതത്തിന്റെ തിക്കിത്തിരക്കില്‍ പരിചയിച്ച ഒരുവന്‍ പ്രശാന്തമായ ഒരു സ്‌ഥലത്തു വരുമ്പോള്‍ അവിടെ സ്വസ്ഥതയോടെ കഴിയുവാന്‍ അയാള്‍ക്കു സാധിക്കുമോ? ഒരു പക്ഷേ അയാള്‍ ചിത്തഭ്രമത്തിനുപോലും അടിപ്പെട്ടേക്കാം. എന്നാല്‍ നിശ്ശബ്ദതയിലും ഏകാന്തതയിലും കര്‍മ്മനിബിഡത ദര്‍ശിക്കുവാനും നിബിഡമായ കര്‍മ്മാനുഷ്ഠാനമദ്ധ്യത്തിലും ഒരു വിജനപ്രദേശത്തെ നിശ്ശബ്ദതയും ഏകാന്തതയും കാണുവാനും ഏതൊരാള്‍ക്കു സാധിക്കുമോ ആ മനുഷ്യനാകുന്നു യഥാര്‍ത്ഥ ആദര്‍ശപുരുഷന്‍.

നമ്മുടെ പ്രകൃതി മൂന്നു ഗുണങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌. അവയെ ഭാരതീയ ചിന്താധാരയില്‍ സത്വം, രജസ്സ്‌, തമസ്സ്‌ എന്നു പറയുന്നു. അവ ഭൌതികലോകത്തു പ്രത്യക്ഷപ്പെടുന്നത്‌ സമത, പ്രവൃത്തി, ജഡത എന്നീ രൂപങ്ങളിലാണെന്നു പറയാം. ഓരോ മനുഷ്യനിലും ഈ മൂന്നു ശക്തികളുമുണ്ട്. ചിലപ്പോള്‍ തമസ്സ്‌ മുന്നിട്ടു നില്‍ക്കുന്നു. അപ്പോള്‍ നാം അലസന്‍മാരായി തീരുന്നു. നമുക്കനങ്ങാന്‍ വയ്യ- ചില വിചാരങ്ങള്‍ കൊണ്ടോ, വെറും ജാഡ്യം നിമിത്തമോ നാം നിഷ്‌ക്രിയന്മാരായിരിക്കും. ചിലപ്പോള്‍ കര്‍മ്മോത്സുകത മുന്നിട്ടു നില്‍ക്കുന്നു. മറ്റു ചിലപ്പോള്‍ ഈ രണ്ട്‌ അവസ്ഥകളുടേയും സാമ്യാവസ്ഥയായ ശാന്തതയും പ്രകാശിക്കുന്നു.

ഓരോ മനുഷ്യനിലും ഇതിലേതെങ്കിലും ഒരു ഗുണം മികച്ചു നില്‍ക്കും. ഒരാള്‍ പ്രകൃത്യാ അലസന്‍, നിഷ്‌ക്രിയന്‍, മറ്റൊരാള്‍ സ്വതേ ഉത്‌സാഹശീലന്‍, കര്‍മ്മോത്സുകന്‍, ഊര്‍ജ്വസ്വലന്‍; വേറൊരാള്‍ ശാന്തന്‍, സൌമ്യന്‍, മധുരപ്രകൃതി, ഇങ്ങനെ ഈ വിവിധ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലോടുകൂടിയ അഭിവ്യക്തി മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലുമെല്ലാമുണ്ട്.

പല പടികളോടുകൂടിയ ഒരു സംഘടനയാണ്‌ മനുഷ്യസമുദായം. സദാചാരത്തെക്കുറിച്ചു നമുക്കൊക്കെ അറിയാം. കര്‍ത്തവ്യത്തെപ്പറ്റിയും അറിയാം. എന്നാല്‍ സദാചാരത്തിന്റെ പൊരുള്‍ ഓരോ പ്രദേശത്തും ഓരോ പ്രകാരത്തിലാണെന്നും നമ്മള്‍ കാണുന്നു. ഒരു രാജ്യത്തു സദാചാരമെന്നു കരുതപ്പെടുന്നത്‌ മറ്റൊരു രാജ്യത്ത്‌ ദുരാചാരമായി കണക്കാക്കപ്പെടാം. ഉദാഹരണമായി ഒരു ദേശത്തു സഹോദരസന്താനങ്ങള്‍ക്കു തമ്മില്‍ വിവാഹമാകാം, എന്നാല്‍ മറ്റൊരു രാജ്യത്ത്‌ അത്‌ നിഷിദ്ധമാകുന്നു. ഒരു രാജ്യത്തു ഭാര്യാസഹോദരിയെ വിവാഹം ചെയ്യാം, എന്നാല്‍ മറ്റൊരു ദേശത്ത്‌ ഇതു സദാചാരവിരുദ്ധമാണ്‌. ഒരു രാജ്യത്ത്‌ ഒരാള്‍ക്ക്‌ ഒരിക്കലേ വിവാഹം ചെയ്യാവൂ, എന്നാല്‍ മറ്റൊരിടത്തു പല പ്രാവശ്യമാകാം. ഇതുപോലെ സദാചരപരമായ മറ്റെല്ലാ തുറകളിലും പല ജനസമുദായങ്ങളുടേയും പ്രമാണങ്ങള്‍ക്കു തമ്മില്‍ വലിയ അന്തരമുണ്ട്.

കര്‍ത്തവ്യത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. ഒരു രാജ്യത്ത്‌ ഒരാള്‍ ഒരു കാര്യം ചെയ്യാതിരുന്നാല്‍ അയാള്‍ തെറ്റു പ്രവര്‍ത്തിച്ചു എന്നു ജനങ്ങള്‍ പറയും. മറ്റൊരു രാജ്യത്ത്‌ അയാള്‍ അതേ കാര്യം ചെയ്താല്‍ അതു ശരിയായില്ലാ എന്നും ജനങ്ങള്‍ പറയും. ഒരു ഭടന്‍ തന്റെ തോക്കുപയോഗിച്ച്‌ ശത്രുരാജ്യത്തെ ഭടനെ വെടിവെച്ചുകൊന്നാല്‍ അതു ശരി, എന്നാല്‍ അതേ തോക്കുപയോഗിച്ച്‌ സ്വന്തം രാജ്യത്തെ ഭടനെ വെടിവെക്കുമ്പോള്‍ അതു തെറ്റ്‌. കര്‍മ്മം ഒന്നു തന്നെയെങ്കിലും അതു കര്‍ത്തവ്യത്തിന്റെ ദൃഷ്ടികോണിലൂടെ നോക്കിക്കാണുമ്പോള്‍ വ്യത്യസ്തമായി കണക്കാക്കപ്പെടുന്നു.

ചില കാര്യങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ പെട്ടതാണെന്നു ഒരു ജനസമുദായം വിചാരിക്കുന്നു. അതേ കാര്യങ്ങള്‍ അകര്‍ത്തവ്യങ്ങളായി മറ്റൊരു ജനസമുദായം കരുതുന്നു. അവര്‍ക്ക്‌ അതു ചെയ്യേണ്ടിവരികയെന്നുള്ളതു ഭയങ്കരമായി തോന്നും.

ഈ വഴിയില്‍ നമുക്കു രണ്ടു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഒന്ന്‌ അജ്ഞന്‍മാരുടേത്‌ - അതു സത്യത്തിലെത്തിച്ചേരാന്‍ ഒരു വഴിയേ ഉള്ളൂ എന്നും മറ്റെല്ലാം തെറ്റാണെന്നും വിചാരിക്കുന്നവരുടെ വഴി. മറ്റേതു വിജ്ഞന്‍മാരുടേത്‌ - അതു നമ്മുടെ മാനസികഘടനയ്ക്കും ജീവിത നിലയുടെ വ്യതാസത്തിനും അനുസരിച്ചു കര്‍ത്തവ്യവും സദാചാരവും വ്യത്യാസപ്പെടാം എന്നു സമ്മതിക്കുന്നവരുടെ വഴി. എന്തുകൊണ്ടോ ഈ വിജ്ഞന്‍മാരുടെ വഴി സ്വീകരിക്കുന്നവര്‍ ഇന്നു നമ്മുടെ ഭാരതത്തില്‍ കുറഞ്ഞുവരുന്നതായി കാണുന്നു. എല്ലാ സാമൂഹിക പ്രശ്നങ്ങളുടേയും അടിത്തറയും മറ്റൊന്നല്ല.

ഒരു ശ്ലോകത്തിലൂടെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.

ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ
സാത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു
സത്വാനുരൂപാ സര്‍വസ്യ ശ്രദ്ധാ ഭവതി ഭാരതാ
ശ്രദ്ധാമയോമയം പുരുഷോ യോ യച്റദ്ധ: സ ഏവ സ:


(ഇഷ്ടമായ ആദര്‍ശത്തില്‍ അവനവനുള്ള വിശ്വാസമാണ്‌ ശ്രദ്ധ. ശ്രദ്ധ അവനവന്റെ സ്വഭാവത്തില്‍ നിന്നു വരുന്നതാണ്‌. അതു സാത്വികം, രാജസം, താമസം എന്ന്‌ മൂന്നു വിധത്തിലാണ്‌. ഒരോതരം സംസ്കാരമാണ്‌ ഒരോരുത്തരുടേയും അന്ത:കരണത്തില്‍. അന്ത:കരണത്തിനനുസരിച്ചാണ്‌ സര്‍വപേരുടേയും ശ്രദ്ധ വരുന്നത്‌. വളരെയേറേ ശ്രദ്ധാമയനായ ജീവി മനുഷ്യനാണ്‌. എന്തെന്നാല്‍ ഒരുവനില്‍ ഏതു തരം ശ്രദ്ധയാണോ ഉള്ളത്‌ അവന്‍ അത്തരക്കാരനായി തന്നെ വര്‍ത്തിക്കുന്നു.)

3 comments:

കേരളക്കാരന്‍ said...

ചില ജന്തുക്കള്‍ക്ക്‌ ഏതാനും അടി ദൂരത്തിനപ്പുറം കാഴ്ചയില്ലാത്തത്തുപോലെ നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കു കാഴ്ച്ചയെത്തുന്നില്ല. ഒരു ചെറിയ ഇടുങ്ങിയ വൃത്തം. അതാണു നമ്മുടെ ലോകം. അതിനപ്പുറത്തേക്കു നോക്കുവാനുള്ള ക്ഷമ നമ്മള്‍ക്കില്ല. അതിനാല്‍ നമ്മള്‍ അസന്‍മാര്‍ഗ്ഗചാരികളും ദുഷ്ടബുദ്ധികളുമായി തീരുന്നു. ഇതാണു നമ്മുടെ ദൌര്‍ബല്യം, നമ്മുടെ ശക്തിഹീനത.

കേരളക്കാരന്‍ said...

സമുദ്രത്തിന്റെ അഗാധതലങ്ങളില്‍ ജീവിക്കുന്ന മത്സ്യത്തെ അവിടെനിന്നും ഉപരിതലത്തിലേക്കു കൊണ്ടുവരുമ്പോള്‍ അതിന്റെ ശരീരസന്ധാരകമായി വര്‍ത്തിച്ചിരുന്ന ജലസമ്മര്‍ദ്ദം ഇല്ലാതാകുന്നതുകൊണ്ട് അതിനു ശ്വാസം കഴിക്കാനാകാതെ ഹൃദയം തകര്‍ന്ന്‌ മരിക്കുന്നു. അതുപോലെ, ഏകാന്തതയില്‍ ജീവിച്ചു ശീലിച്ച ഒരു മനുഷ്യന്‍ പ്രക്ഷുബ്ധമായ പ്രപഞ്ചച്ചുഴിയില്‍ തകര്‍ന്നുപോകും. ജീവിതത്തിന്റെ തിക്കിത്തിരക്കില്‍ പരിചയിച്ച ഒരുവന്‍ പ്രശാന്തമായ ഒരു സ്‌ഥലത്തു വരുമ്പോള്‍ അവിടെ സ്വസ്ഥതയോടെ കഴിയുവാന്‍ അയാള്‍ക്കു സാധിക്കുമോ?

കേരളക്കാരന്‍ said...

ഒരു ഭടന്‍ തന്റെ തോക്കുപയോഗിച്ച്‌ ശത്രുരാജ്യത്തെ ഭടനെ വെടിവെച്ചുകൊന്നാല്‍ അതു ശരി, എന്നാല്‍ അതേ തോക്കുപയോഗിച്ച്‌ സ്വന്തം രാജ്യത്തെ ഭടനെ വെടിവെക്കുമ്പോള്‍ അതു തെറ്റ്‌. കര്‍മ്മം ഒന്നു തന്നെയെങ്കിലും അതു കര്‍ത്തവ്യത്തിന്റെ ദൃഷ്ടികോണിലൂടെ നോക്കിക്കാണുമ്പോള്‍ വ്യത്യസ്തമായി കണക്കാക്കപ്പെടുന്നു.